സ്മാര്‍ട്ടായി കരകുളം കൃഷിഭവന്‍
തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്മാർട്ട് കൃഷിഭവൻ കരകുളത്ത് ആരംഭിച്ചു. കൃഷിഭവനുകളെ നവീനവൽക്കരിക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സേവനങ്ങൾ കൃത്യതയോടും സമയബന്ധിതമായും കർഷകരിലേക്ക് എത്തിക്കുന്നതിനായി കര്‍ഷക ക്ഷേമ വകുപ്പ് രൂപീകരിച്ച പദ്ധതിയാണ് സ്മാർട്ട് കൃഷിഭവൻ. ജില്ലയിലെ കരകുളം, മംഗലാപുരം എന്നീ കൃഷിഭവനുകൾക്കാണ് 2022-23 സാമ്പത്തിക വർഷത്തിൽ പദ്ധതി അനുവദിച്ചത്. കൃഷി വകുപ്പിന്റെയും കരകുളം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായാണ് നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ കരകുളം കൃഷിഭവന്‍ സ്മാര്‍ട്ടാക്കിയത്. കേരളത്തില്‍ ആദ്യമായി കൃഷിഭവന്‍ എന്ന സംവിധാനത്തിന് തുടക്കം കുറിച്ചതും കരകുളം പഞ്ചായത്തില്‍ തന്നെയായിരുന്നു.
കൃഷി വകുപ്പ് അനുവദിച്ച 25 ലക്ഷം രൂപയോടൊപ്പം കരകുളം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയിൽ വകയിരുത്തിയ 12.5 ലക്ഷം രൂപ കൂടെ വിനിയോഗിച്ചാണ് സ്മാർട്ട് കൃഷിഭവൻ യാഥാർഥ്യമാക്കിയത്. സാങ്കേതിക വിദ്യ വികസനം, അടിസ്ഥാന സൗകര്യവികസനം, ഫ്രണ്ട് ഓഫീസ് സംവിധാനം, വിള പരിപാലന കേന്ദ്രം, അറ്റകുറ്റ പണികളും പുതുക്കി പണിയലും വിഭാഗങ്ങളിലായിട്ടാണ് തുക അനുവദിച്ചിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ കരകുളം ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിങ്ങ് വിഭാഗവും, വാങ്ങൽ പ്രവർത്തികൾ കൃഷി ഭവൻ മുഖേനെ പൂർത്തിയാക്കിയുമാണ് സമയബന്ധിതമായി സ്മാർട്ട് കൃഷിഭവൻ പൂർത്തിയാക്കിയത്.
കാർഷിക സേവനങ്ങൾ പൂർണമായും ഓൺലൈൻ ആക്കി പേപ്പർലെസ്സ് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, കർഷകർക്ക് തിരിച്ചറിയൽ കാർഡുകൾ ലഭ്യമാക്കുക, വിള പരിപാലനത്തിനുള്ള പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക് സംവിധാനം ഒരുക്കുക, അഗ്രോ ഫാര്‍മസി വഴി കര്‍ഷകര്‍ക്ക് വിള പരിപാലനത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുക തുടങ്ങി വിവിധ സേവനങ്ങളാണ് സ്മാര്‍ട്ട് കൃഷിഭവന്‍ വഴി നടപ്പിലാക്കുക.