പ്രകൃതിയോടിണങ്ങിയ വിനോദസഞ്ചാരം; ഹരിത ടൂറിസം കേന്ദ്രമായി മാർമല അരുവി
കോട്ടയം തീക്കോയി ഗ്രാമപഞ്ചായത്തിലെ മാർമല അരുവി വിനോദസഞ്ചാര കേന്ദ്രത്തെ ഹരിതടൂറിസം കേന്ദ്രമായി ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി ഹരിതകേരള മിഷൻ ജില്ലയിലെ 30 ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിരുന്നതിൽ ഒന്നാണ് മാർമല അരുവി. പ്രദേശത്ത് ഗ്രാമപഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി 100% മാലിന്യമുക്തമാക്കിയിരിക്കുകയാണ്.ഏകദേശം 40 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന മാർമല അരുവി ഈരാറ്റുപേട്ടയിൽ നിന്ന് പത്ത് കിലോമീറ്റർ ദൂരെ തീക്കോയിലാണ്. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ഇത്. വെള്ളച്ചാട്ടം കാണാൻ എത്തുന്നവർക്ക് നീന്തി കുളിക്കാൻ പ്രകൃതിയാൽ തന്നെ തീർത്ത ഒരു കുളവും അരുവിയ്ക്ക് സമീപത്തുണ്ട്. ട്രെക്കിങ്ങും സാഹസിക യാത്രകളും ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ ഇടംകൂടിയാണ് മാർമല. എസ്‌റ്റേറ്റുകളുടെ ഇടയിലുള്ള ഒറ്റയടിപാത ഒരു കലോമീറ്ററോളം നടന്നാണ് വെള്ളച്ചാട്ടത്തിലേക്കെത്തേണ്ടത്.മാർമലയിൽ ദിനംപ്രതി നിരവധി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. ഇവിടെ വൈദ്യുതി ലൈൻ, ബയോ-ടോയ്ലറ്റ്, ടേക്ക് എ ബ്രേക്ക്, ഹരിത ചെക്ക് പോസ്റ്റ്, സെക്യൂരിറ്റി റൂം, നിരീക്ഷണ ക്യാമറ എന്നീ അത്യാധുനിക സൗകര്യങ്ങൾ കൂടി സാധ്യമാകുന്നതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. സെക്യൂരിറ്റിയും ക്ലീനിങ് സ്റ്റാഫും ഉൾപ്പെടെ നാലു ജീവനക്കാരെ മാർമലയിൽ നിയോഗിച്ചിട്ടുണ്ട്.