കുഷ്ഠരോഗം കണ്ടെത്താൻ അശ്വമേധം ക്യാമ്പയിന്‍
സമൂഹത്തില്‍ കണ്ടുപിടിക്കപ്പെടാത്ത കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കി രോഗത്തെ നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള ആരോഗ്യവകുപ്പിന്റെ അശ്വമേധം ക്യാമ്പയിനിന് കൊല്ലം ജില്ലയിൽ ആരംഭിക്കുന്നു. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റിയെടുത്ത് അവബോധം സൃഷ്ടിക്കുകയാണ് പദ്ധതി വഴി ലക്ഷ്യം വെയ്ക്കുന്നത്. ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെയാണ് ക്യാമ്പയിന്‍ കാലയളവ്. പരിശീലനം ലഭിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ജില്ലയിലെ മുഴുവന്‍ വീടുകള്‍ സന്ദര്‍ശിച്ച് ചര്‍മ്മ പരിശോധന നടത്തി കുഷ്ഠരോഗസമാന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആശുപത്രികളില്‍ എത്തിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കും. ചികിത്സ സൗജന്യമാണ്. ഭവനസന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, വോളന്റിയര്‍മാര്‍ എന്നിവര്‍ക്കു പരിശീലനം നല്‍കി നിയോഗിച്ചിട്ടുണ്ട്. കുട്ടികളിലെ രോഗബാധ, അംഗവൈകല്യം സംഭവിക്കുന്നവരുടെ നിരക്ക് പ്രത്യേകം നിരീക്ഷിക്കും.
രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ കുറഞ്ഞത് അഞ്ച് മുതല്‍ 10 വര്‍ഷം കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുക. ഈ കാലയളവ് രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ രോഗം കണ്ടുപിടിക്കുക അതിപ്രധാനമാണ്. ആരംഭത്തില്‍ കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാവുന്ന ഒന്നാണ് കുഷ്ഠരോഗം. നിറം മങ്ങിയതോ ചുവന്നതോ ആയ, സ്പര്‍ശന ശേഷി കുറഞ്ഞ പാടുകള്‍, പാടുകളില്‍ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കല്‍, കൈകാലുകളില്‍ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചര്‍മ്മം, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം പ്രത്യക്ഷമാകുന്നത്.
വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഓരോ തദ്ദേശസ്ഥാപനങ്ങള്‍തോറും, പട്ടികവര്‍ഗ മേഖലയിലും, ഇതരസംസ്ഥാന തൊഴിലാളികള്‍ വസിക്കുന്ന മേഖലയിലും പ്രത്യേക പ്രചാരണം നടത്തുകയും ചെയ്യും. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപക പ്രചാരണം നടത്തുന്നതിനായി സ്കൂൾ അധികൃതരെ നിയോഗിക്കുകയും ചെയ്യും.